News

നീറ്റ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണ; തീരുമാനം പുന:പരിശോധിച്ചേക്കും

ന്യൂഡല്‍ഹി:  അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ( National Eligibility-cum- Entrance Tets) വര്‍ഷത്തില്‍ രണ്ട് തവണയാക്കാനുള്ള തീരുമാനം പുന: പരിശോധിക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം . രണ്ട് തവണയായി പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ മേല്‍ അധിക സമ്മര്‍ദം ചെലുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാനവിഭവ ശേഷി മന്ത്രാലയത്തിന്‌ അയച്ച കത്തില്‍ പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം മാനിച്ചാണ് പുന:പരിശോധന. 

പരീക്ഷ ഓണ്‍ലൈന്‍ ആക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകുമോ എന്ന ആശങ്കയും ആരോഗ്യമന്ത്രാലയം പങ്കുവെച്ചു. ആദ്യതവണ പരീക്ഷ പൂര്‍ണമായി ഓണ്‍ലൈനാക്കില്ലെന്നും ആവശ്യമായവര്‍ക്ക് എഴുത്ത് പരീക്ഷയും ലഭ്യമാക്കുമെന്നും നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

നിലവില്‍ സി.ബി.എസ്.ഇ നടത്തിവരുന്ന നെറ്റ്, നീറ്റ്, ജെ.ഇ.ഇ എന്നീ പ്രവേശന പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയായിരിക്കും നടത്തുക. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ജെ.ഇ.ഇ പരീക്ഷ ജനുവരിയിലും ഏപ്രിലിലുമായി രണ്ട് തവണയും നീറ്റ് പരീക്ഷ ഫെബ്രുവരി, മെയ് മാസങ്ങളിലായിരിക്കും നടക്കുക. പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റ് ക്രമക്കേടുകളും ഇതോടെ ഇല്ലാതാക്കാനുമാണ് ഇത്തരമൊരു തീരുമാനമെന്നായിരുന്നു മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച അവസാന തീരുമാനം ഇതുവരെ വന്നിട്ടില്ല 

Read Related News :