News

JEE Main; ആദ്യ പരീക്ഷ അപേക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ - മെയിന്‍ (ജെ.ഇ.ഇ. - മെയിന്‍) 2019 ന്റെ രണ്ടു പരീക്ഷകളില്‍ ആദ്യപരീക്ഷ 2019 ജനവരിയില്‍ നടത്തും. ഇതിലേക്കുള്ള അപേക്ഷ, സെപ്റ്റംബര്‍ ഒന്ന് മുതല്‍ 30 വരെ https://www.nta.ac.in വഴി ഓണ്‍ലൈനായി നല്‍കാം. 
 
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.), കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങള്‍ (സി.എഫ്.ടി.ഐ.) എന്നിവിടങ്ങളിലെ ബി.ഇ/ബി.ടെക്., ബി.ആര്‍ക്ക്/ബി.പ്ലാനിങ് കോഴ്സുകളിലെ പ്രവേശനത്തിനാണ് മുഖ്യമായും ജെ.ഇ.ഇ.മെയിന്‍ നടത്തുന്നത്. 
 
പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മൊത്തം 75 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 65 ശതമാനം) നേടുകയോ, മുന്നിലെത്തുന്നവരുടെ ഇരുപതാം പെര്‍സന്‍ടൈല്‍ കട്ട് ഓഫ് സ്‌കോര്‍ നേടുകയോ വേണമെന്ന വ്യവസ്ഥയ്ക്കു വിധേയമാണ് പ്രവേശനം.
 
നിശ്ചിത വിഷയങ്ങള്‍ ഈ ഘട്ടത്തില്‍ പഠിച്ചിരിക്കുകയും വേണം. ബി.ഇ./ബി.ടെക്. പ്രവേശനം തേടുന്നവര്‍, പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കൊപ്പം കെമിസ്ട്രി /ബയോടെക്നോളജി/ബയോളജി/ടെക്നിക്കല്‍ വൊക്കേഷണല്‍ വിഷയം എന്നിവ പഠിച്ചും, ബി.ആര്‍ക്./ബി.പ്ലാനിങ് കോഴ്സുകളില്‍ പ്രവേശനം തേടുന്നവര്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചും പ്ലസ് ടു പരീക്ഷ ജയിച്ചിരിക്കണം.
 
പരീക്ഷയ്ക്ക് രണ്ട് പേപ്പറുണ്ട്. പേപ്പര്‍ ഒന്ന്, ബി.ഇ./ബി.ടെക്. പ്രവേശനത്തിനും പേപ്പര്‍ രണ്ട് ബി.ആര്‍ക്./ബി.പ്ലാനിങ് പ്രവേശനത്തിനുമാണ്.
രാജ്യത്തെ ഒരു പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്ത്, ഏതെങ്കിലും ഒരു പേപ്പര്‍ എഴുതുന്ന ജനറല്‍/ഒ.ബി.സി.ക്കാര്‍ 500 രൂപയും പെണ്‍കുട്ടികള്‍/പട്ടിക വിഭാഗക്കാര്‍/ഭിന്നശേഷിക്കാര്‍ എന്നിവര്‍ 250 രൂപയുമാണ് അപേക്ഷാ ഫീസ് ആയി നല്‍കേണ്ടത്. രണ്ടു പേപ്പറും അഭിമുഖീകരിക്കാന്‍ 1300/650 രൂപയാണ് ഫീസ്. 
 
വിദേശത്ത് ഒരു സെന്റര്‍ തിരഞ്ഞെടുത്ത് ഒരു പേപ്പര്‍ അഭി മുഖീകരിക്കാന്‍ 2500/1250 രൂപയും രണ്ടു പേപ്പറുമെങ്കില്‍ 3800/1900 രൂപയുമായിരിക്കും ഫീസ്.
ജെ.ഇ.ഇ. മെയിന്‍ 2019 ന്റെ രണ്ടാം പരീക്ഷ 2019 ഏപ്രിലില്‍ നടത്തും. അപേക്ഷ  ഫെബ്രുവരി 8 മുതല്‍. ഏതെങ്കിലും ഒന്നോ, രണ്ടോ പരീക്ഷകള്‍ ഒരാള്‍ക്ക് അഭിമുഖീകരിക്കാം. രണ്ടും അഭിമുഖീകരിക്കുന്നവര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ പരിഗണിച്ച് പ്രവേശനത്തിനു ശ്രമിക്കാം.വിവരങ്ങള്‍ക്ക്; https://www.nta.ac.in

Read Related News :